സിഗരറ്റ് വലിക്കുന്നില്ല, അതിനാൽ ഞാൻ ശ്വാസകോശ രോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്ന് ആശ്വസിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ആശ്വസിക്കാൻ വരട്ടെ മുറികളിൽ കത്തിച്ചുവെക്കുന്ന കൊതുകുതിരി സിഗരറ്റ് പോലെ അല്ലെങ്കിൽ അതിനേക്കാൾ അപകടകാരിയാണ്. പഠനങ്ങൾ പ്രകാരം 100 സിഗരറ്റ് പുറന്തള്ളുന്ന പുകയാണ് എട്ട് മണിക്കുറിൽ ഒരു കൊതുകുതിരി പുറത്തുവിടുന്നത്. 50 സിഗരിറ്റിൽ അടങ്ങിയ വിഷാംശമാണ് എട്ട് മണിക്കൂർ കൊണ്ട് ഒരു കൊതുകുതിരി പുറത്ത് തള്ളുന്നത്.
അല്ലിത്രിൻ, ഡൈബ്യൂട്ടെയിൽ ഹൈഡ്രോക്‌സി ടോളിവിൻ തുടങ്ങിയ നിരോധിച്ച രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കൊതുകു നിർമാർജന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. ഖന ലോഹങ്ങളായ അലൂമിനിയം, ക്രോമിയം, ടിൻ എന്നിവ മിക്ക കൊതുകുതിരികളിലും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കത്തുമ്പോൾ ഫോർമാൽഡിഹൈഡ്, പോളിസിലിക് അരോമാറ്റിക്ക് ഹൈഡ്രോകാർബൺ, ഫോർമാൽഡിഹൈഡ് എന്നിവ പുറത്ത് വിടുന്നതായി കണ്ടെത്തിയിരുന്നു. ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കുള്ള കാരണമാകും ഈ വിഷവസ്തുക്കൾ.
അടച്ചിട്ട മുറിയിൽ എട്ട് മണിക്കൂറോളം തങ്ങി നിൽക്കുന്ന പുക കുട്ടികളിലടക്കം ഹൃദ്രോഗം,ആസ്മ എന്നിവക്ക് കാരണമാകും. ദിവസവും കൊതുകുതിരി കത്തിച്ച് ഉറങ്ങുന്നത് ശ്വസകോശ പ്രശ്‌നങ്ങൾ, കണ്ണെരിച്ചൽ, കണ്ണിന് ചുവന്ന നിറം, ആസ്തമ, ഓക്കാനം, ഛർദ്ദി എന്നിവയ്‌ക്കും കാരണമാകും. ശ്വസവായുവിലൂടെ രക്തത്തിലെത്തുന്ന പുക കാർബൺ മോണോക്‌സൈഡ് വിഷബാധയ്‌ക്ക് സമാനമായ അവസ്ഥയിലേക്കും നയിച്ചേക്കാം.
മുറികൾക്കുള്ളിലെ വായു മലിനീകരണം പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. വായു മലിനീകരണത്തിന് മുഖ്യ കാരണമാകുന്നത് കൊതുകുതിരിയും മൊസ്‌ക്കിറ്റോ ലിക്വിഡ് പോലുള്ള ഉത്പന്നങ്ങളുമാണ്. ലോകാരോഗ്യസംഘടനുടെ കണക്ക് പ്രകാരം 4.1 ലക്ഷം പേരാണ് വീടുകളിലെ വായു മലിനീകരണം കൊണ്ട് മരണപ്പെടുന്നത്. ശ്വാസകോശ തകരാറുകൾ മൂലം അഞ്ച് വയസ്സിൽ താഴെയുള്ള ഒരു ദശലക്ഷം കുട്ടികളാണ് ലോകത്ത് ഓരോ വർഷവും മരണപ്പെടുന്നത്.














