കോട്ടയം: കോട്ടയം പാമ്പാടിയിൽ പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പാമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ജിബിൻ ലോബോക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നെടുങ്കുഴി സ്വദേശി സാമാണ് ആക്രമിച്ചത്. സാമിന്റെ ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു സാം പോലീസിന് നേരെ തിരിഞ്ഞത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സാം നിരന്തരം മർദ്ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിനായാണ് പോലീസ് സംഘം വീട്ടിലെത്തിയത്. പോലീസ് എത്തുമ്പോൾ ഭാര്യയെ സാം മുറിയിൽ പൂട്ടിയിട്ട നിലയിലായിരുന്നു.
പോലീസ് കതക് തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ സാം അക്രമാസക്തനാകുകയായിരുന്നു. കതക് തുറക്കാൻ ശ്രമിച്ച ജിബിനെ പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജിബിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Comments