ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും റെയ്ഡ് നടത്തി. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ നിർദ്ദേശാനുസരണം ഭീകരവാദ ഗ്രൂപ്പുകൾ നടത്തിയ ഭീകരവാദ ഫണ്ടിംഗും ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
മെയ് 11-ന് ഭീകരവാദ പ്രവർത്തനങ്ങളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അബ്ദുൾ ഖാലിഖ് റെഗുവിന്റെ കൻസിപോറയിലെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
പൂഞ്ചിൽ അഞ്ച് സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് എൻഐഎ നടപടി. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിബിഡ വനമേഖലയിൽ സൈന്യം ഭീകരരെ വളഞ്ഞിരുന്നു. ഇതിന് പിന്നിലെ ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. മുൻപ് കോടതി ഉത്തരവിനെ തുടർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് പ്രതികളുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു.
Comments