മദ്യപിച്ച് ലക്കുകെട്ട് ദിവസം വീട്ടിലേക്ക് കയറി വന്ന് വഴക്കുണ്ടാക്കുന്ന ഭർത്താവിനെ ഉത്തരവാദിത്വമുള്ള വ്യക്തിയാക്കി മാറ്റിയ ഭാര്യയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭർത്താവിന്റെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയപ്പോൾ അദ്ദേഹത്തെ ‘നല്ലവഴിക്ക്’ നടത്താൻ സ്വയം മദ്യപാനിയായി അഭിനയിച്ചുകൊണ്ടായിരുന്നു ഭാര്യ തന്റെ ലക്ഷ്യം നിറവേറ്റിയത്.
ആഗ്ര സ്വദേശിനിയുടേതാണ് ഈ അപൂർവ്വ കഥ. ദിവസവും മദ്യപിച്ച് ബോധമില്ലാതെയാണ് അയാൾ വന്നിരുന്നതെന്നും എന്നും വഴക്കിടുമായിരുന്നുവെന്നും യുവതി പറയുന്നു. മദ്യപാനമാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണമെന്ന് ഭർത്താവിനെ പറഞ്ഞുമനസിലാക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ആരും ഇതുവരെ പ്രയോഗിക്കാത്ത വിദ്യ തന്നെ അവൾക്ക് പയറ്റേണ്ടി വന്നു.
മദ്യപിച്ച് ലക്കുകെട്ടതായി ഭാര്യ അഭിനയിക്കാൻ തുടങ്ങി. ബോധമില്ലാതെ സംസാരിക്കുകയും വഴക്കിടുകയും ചെയ്തു. ഭർത്താവ് പെരുമാറിയിരുന്നതുപോലെ ഭാര്യ പെരുമാറാൻ ആരംഭിച്ചു. മദ്യപിച്ച് എന്നും വഴക്കിടാൻ തുടങ്ങി. ഭർത്താവ് മദ്യപിക്കുന്ന ദിവസം ഭാര്യയും മദ്യപിച്ചിട്ടുണ്ടാകുമെന്ന അവസ്ഥയായി. ഭാര്യയുടെ മദ്യപാനം മൂലം ശല്യവും നാണക്കേടുമായപ്പോൾ ഒടുവിൽ ഫാമിലി കൗൺസിലിങ് സെന്ററിനെ സമീപിക്കാൻ ഭർത്താവ് തീരുമാനിച്ചു.
മദ്യപാനിയാണെന്നും വലിയ ഉപദ്രവമാണെന്നും കൗൺസിലിങ് സെന്ററിൽ ഇരുവരും പരസ്പരം ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ നിൽക്കുന്ന ഭാര്യ ഭർത്താവിനെ ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അയാൾ കൗൺസിലിങ് സെന്ററിൽ സമർപ്പിച്ചു. മദ്യപാനം മൂലം ഭാര്യ തന്റെ കുടുംബത്തിന് മാനഹാനി വരുത്തി വയ്‌ക്കുന്നതായും അവളുടെ മദ്യപാനം കൊണ്ട് പൊറുതി മുട്ടിയതായും ഭർത്താവ് അറിയിച്ചു.
ഇതോടെ തന്റെ നാടകം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു ഭാര്യ. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അധികൃതരോട് ഭാര്യ വെളിപ്പെടുത്തി. ദിവസവും മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ കയറി വന്ന് വഴിക്കിടുന്ന ഭർത്താവിനെ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങൾ മനസിലാക്കിപ്പിക്കാനും കുടുംബത്തെ എത്രമാത്രം ബാധിക്കുന്നുവെന്ന് ബോധിപ്പിക്കാനും വേണ്ടി സ്വയം മദ്യപാനിയായി അഭിനയിക്കുകയായിരുന്നു താനെന്ന് അവർ വ്യക്തമാക്കി. ഇതോടെ കാര്യം മനസിലാക്കിയ അധികൃതർ ഒരു കരാർ എഴുതി ഇരുവരെയും അതിൽ ഒപ്പുവപ്പിച്ചു. ആഴ്ചയിൽ ഒരിക്കൽ മാത്രമേ മദ്യപിക്കൂവെന്ന കരാറിലാണ് ഭർത്താവ് ഒപ്പുവച്ചത്. കൂടാതെ ഭാര്യയുമായി അനാവശ്യമായി വഴിക്കിടില്ലെന്നും തർക്കമുണ്ടാക്കില്ലെന്നും അയാൾ ഉറപ്പുതരികയും ചെയ്തു.
Comments