പത്തനംതിട്ട: കടുവയുടെ മുന്നിൽ നിന്ന് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഞായറാഴ്ച രാത്രി 8-ന് റാന്നി തോണിക്കടവ് കൂനംകര റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന പെരുനാട് മന്ദപ്പുഴ പുതുവേലിൽ വിജയനും മകൻ വിമലുമാണ് കടുവയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടത്. കൂനംകരയ്‌ക്കുള്ള യാത്രയ്‌ക്കിടെ തോട്ടം കഴിഞ്ഞുള്ള ആദ്യ വീടിന് സമീപത്തായാണ് കടുവയെ കണ്ടതെന്ന് വിജയൻ പറഞ്ഞു. വലതു വശത്ത് നിന്നിറങ്ങിയെത്തിയ കടുവ റോഡ് മുറിച്ചു കടന്ന് എതിർ ഭാഗത്തേക്കിറങ്ങി. ഉടനെ തിരികെ റോഡിൽ കയറി മുന്നിലേക്ക് നടന്ന് വീണ്ടും താഴേക്ക് ഇറങ്ങിപ്പോകുകയായിരുന്നു എന്ന് വിജയൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ടാപ്പിങ് തൊഴിലാളിയായ സജി കടുവയെ കണ്ട കോളാമല തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ് വിജയനും. സംഭവം അറിഞ്ഞ് രാത്രി 11 മണിയോടെ വനപാലകരെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. റാന്നി പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തിയിൽ ഭീതി നിറയ്‌ക്കുന്ന കടുവ ജനവാസ മേഖലയിൽ തന്നെ വിഹരിക്കുകയാണ്. ബഥനി പുതുവൽ, കോളാമല, മന്നപ്പുഴ എന്നിവിടങ്ങളിലൊക്കെ തുടർച്ചയായി കടുവയെ നാട്ടുകാർ കാണുന്നുണ്ട്.
അതേസമയം പെരുനാട്ടിൽ വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിവിധ സംഘടനകൾ രംഗത്തുവന്നു. ഈ വിഷയത്തിൽ വേണ്ടത്ര ഗൗരവം ബന്ധപ്പെട്ടവർ നൽകുന്നില്ലെന്നും കടുവ താവളമാക്കിയിട്ടുള്ള തോട്ടങ്ങളിലെ കാടുകൾ തെളിക്കണമെന്ന ആവശ്യം നടപ്പാക്കുന്നില്ലെന്നും സംഘടനകൾ ആരോപിച്ചു. കടുവയെ കണ്ട ദിവസം മുതൽ അടിക്കാട് തെളിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് നടന്നിട്ടില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രദേശത്ത് കൂട് വെച്ചെങ്കിലും ഇതുവരെ കടുവ കുടുങ്ങിയിട്ടില്ല. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമ്പോൾ കാട് കാരണം കടുവയെ കാണാനുമാകുന്നില്ല. വനപാലകർ താവളമടിക്കുന്നുണ്ടെങ്കിലും നാട്ടുകാർ വീട്ടുമുറ്റത്തും യാത്രാവഴികളിലും കടുവയുടെ മുന്നിലകപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments