ചെന്നെെ : കേരള സ്റ്റോറിക്കെതിരെ അസത്യവാദവുമായി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ. തമിഴ്നാട്ടിൽ കേരള സ്റ്റേറി നിരോധിച്ചിട്ടില്ലെന്നും തീയറ്റർ ഉടമകൾ തന്നെ സിനിമയുടെ പ്രദർശനം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് സ്റ്റാലിൻ സർക്കാരിന്റെ വാദം. കേരള സ്റ്റോറി തമിഴ് നാട്ടിൽ പ്രദർശിപ്പിക്കില്ലെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.
പ്രേക്ഷക പ്രതികരണം മോശമായതിനെ തുടർന്ന് തിയേറ്റർ ഉടമകൾ തന്നെയാണ് കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം നിർത്തിവെച്ചതെന്നാണ് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. അഭിനേതാക്കളുടെ മോശം പ്രകടനം മാത്രമല്ല സുപ്രസിദ്ധ അഭിനേതാക്കളുടെ അഭാവവും തിരിച്ചടി ആയതോടെ കഴിഞ്ഞ ഏഴാം തീയതി മുതൽ തീയേറ്റർ ഉടമകൾ സ്വമേധയാ പ്രദർശനം അവസാനിപ്പിച്ചു. തമിഴ്നാട്ടിലെ 19 മൾട്ടിപ്ലക്‌സുകളിൽ ചിത്രം റിലീസ് ചെയ്‌തിട്ടുണ്ടെന്നും സിനിമ തിരഞ്ഞെടുക്കുന്നതിൽ തീയറ്റർ ഉടമകൾക്കുള്ള അധികാരത്തെ സർക്കാരിന് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഹർജിക്കാർ നിയമസംവിധാനം ദുരുപയോഗം ചെയ്ത് സിനിമയ്‌ക്കായി പ്രചരണം നടത്തുകയാണെന്നുമാണ് സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ ധരിപ്പിച്ചത്. തമിഴ്നാട് സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് കേരള സ്‌റ്റോറിയുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. അതേസമയം വിവാദങ്ങൾക്ക് ഇടയിലും കേരള സ്റ്റോറി ബോക്സോഫീസില്‍ തരംഗം തീർത്ത് 150 കോടി കളക്ഷനിലേക്ക് എത്തിയെന്ന റിപ്പോർട്ട് പുറത്ത് വരുന്നതിനിടയിലാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചത്.കേരള സ്റ്റോറി നിരോധിച്ചതിൽ ബംഗാൾ സർക്കാരിന് സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ചിത്രം പ്രദർശനം നടത്തുന്നുണ്ടെന്നും ബംഗാളിൽ നിരോധിക്കുന്നതിന് ഒരു കാരണവുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
















Comments