തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ കെഎസ്ഇബിയുടെ അനാസ്ഥയെ തുടർന്ന് മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈൻ ഓൺ ചെയ്തതാണ് അപകട കാരണം. കോട്ടപ്പടി സ്വദേശി നാരായണനാണ് മരിച്ചത്. മൃതദേഹവുമായി നാട്ടുകാർ കെഎസ്ഇബി ഓഫീസിലെത്തി ഉപരോധം നടത്തി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിന് വേണ്ടിയായിരുന്നു നാരായണൻ എത്തിയത്. എന്നാൽ മരം മുറിച്ച് കഴിയുന്നതിന് മുമ്പേ ലൈനിൽ ചാർജാകുകയും നാരായണന് ഷോക്കേൽക്കുകയുമായിരുന്നു. സംഭവത്തിൽ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥ സംഭവിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയമായ വ്യക്തിയാണ് ഷോക്കേറ്റ് മരിച്ചിരിക്കുന്നത് എന്നതിനാൽ അർഹമായ നഷ്ടപരിഹാരവും നാരായണന്റെ ഭാര്യയ്‌ക്ക് ജോലിയും നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സംഭവത്തിൽ അനാസ്ഥ ഉണ്ടോയെന്ന് പരിശോധിക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതികരണം.
Comments