ലക്നൗ: 2023ലെ യുപി ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ സംസ്ഥാനത്തിന് ലഭിച്ച 35 ലക്ഷം കോടി വരുന്ന നിക്ഷേപക കരാറുകൾ വേഗത്തിൽ നടപ്പിലാക്കാൻ നടപടികളുമായി യോഗി സർക്കാർ. വ്യവസായികൾക്ക് ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുന്നതിനും വ്യവസായികൾക്കും സർക്കാരിനുമിടയിൽ നിന്ന് പ്രവർത്തിക്കുന്നതിനായി 105 പേരെയാണ് സർക്കാർ നിയോഗിക്കുന്നത്. ഇതിനായി ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദധാരികളെ യോഗി സർക്കാർ തിരഞ്ഞെടുത്തിരിക്കുകയാണ്.
ഇതുപ്രകാരം ഉദ്യമി മിത്ര എന്ന പേരിലാരംഭിച്ച പദ്ധതിയിലൂടെയാണ് 105 പ്രൊഫഷണലുകളെ നിയമിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് മെയ് 26നകം നിയമന കത്തുകൾ ലഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമന കത്തുകൾ കൈമാറും. സംസ്ഥാനത്ത് വ്യവസായികൾക്ക് അവരുടെ യൂണിറ്റ് സ്ഥാപിക്കുന്നതിൽ തടസങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുകയും നിക്ഷേപക നിർദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുകയുമാണ് ഉദ്യമി മിത്രയുടെ ലക്ഷ്യം .
ഐഐഎം, ഐഐടി എന്നീ സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ എംപിഎ ബിരുദം നേടിയ ഉദ്യോഗാർത്ഥികളെയാണ് തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 25നും 40നും ഇടയിൽ പ്രായമുള്ള ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിയമന കത്തുകൾ ലഭിച്ചുകഴിഞ്ഞാൽ ഇവർക്ക് ആദ്യത്തെ 14 ദിവസം പരിശീലന ക്ലാസുകളുണ്ടായിരിക്കുന്നതാണ്. അതിന് ശേഷം ഇവർക്ക് നിർദിഷ്ട ജോലികൾ നൽകും.
Comments