തൃശൂർ: നടി മഞ്ജു പത്രോസ് സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന് നൽകിയ കലക്കൻ മറുപടിക്ക് കൈയടിച്ച് സമൂഹ മാദ്ധ്യമങ്ങൾ. കുടുംബശ്രീയുടെ പരിപാടിക്കിടെയാണ് സീരിയൽ നടിമാരെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാലാജി നടത്തിയത്. അതേ വേദിയിൽ വച്ച് തന്നെയാണ് നടി പരാമർശത്തിനെതിരെ ആഞ്ഞടിച്ചത്. സീരിയൽ പോലുള്ള പരിപാടികൾ ഞാൻ കാണാറില്ല, അതിനാൽ സീരിയൽ നടിമാർ പങ്കെടുക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കാറില്ലെന്നുമാണ് ബാലാജി പ്രസംഗത്തിൽ പരാമർശിച്ചത്. കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ വച്ചാണ് സംഭവം. പെൺവെട്ടം എന്നായിരുന്നു പരിപാടിയുടെ പേര്.
അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്നറിയില്ല. അഭിനയം അത്ര ഈസിയല്ല ഒരു മേഖലയിലും മുൻപിലെത്താൻ അത്ര എളുപ്പവുമല്ല. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മഞ്ജുവിന്റെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്ന കമന്റാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.
Comments