എറണാകുളം: പാകിസ്താൻ ലഹരി സംഘമായ ഹാജി സലിം നെറ്റ്‌വർക്ക് അറബിക്കടലിൽ മുക്കിയ ചരക്ക് യാനം കണ്ടെത്തുന്നതിനായി നാർകോട്ടിക് കൺട്രോൾ ബ്യൂറോയോടൊപ്പം നാവികസേനയും രംഗത്ത്. നാവികസേനയുടെ സഹായത്തോടെ ലഹരിമുരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. മുക്കിയ കപ്പലിൽ 3,000 കിലോഗ്രാം മയക്കുമരുന്ന് ഉണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ ആദ്യ തിരച്ചിലിൽ ഫലം കണ്ടിരുന്നില്ല.
കടലിൽ ലഹരി മരുന്ന് കടത്തിയ യാനം വീണ്ടെടുക്കേണ്ടത് പ്രോസിക്യൂഷൻ നടപടികൾക്ക് നിർണായകമാണ്. കടലിൽ നിന്ന് ഇവ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഇതിന്റെ കൃത്യമായ സ്ഥാനം എത്ര നോട്ടിക്കൽ മൈൽ അകലെയാണെന്ന സത്യവാങ്മൂലം അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം സമർപ്പിക്കേണ്ടതായി വരും.
ലഹരി പദാർഥ നിരോധന നിയമപ്രകാരം ലഹരി മരുന്ന് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഏജൻസിയ്‌ക്ക് പുറത്ത് നിന്നുള്ള ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ കടലിൽ നാവികസേന ലഹരിമരുന്ന് റെയ്ഡ് ചെയ്ത് പിടികൂടുമ്പോൾ ഗസറ്റഡ് ഓഫീസറുടെ സാന്നിദ്ധ്യം ഉണ്ടാകാറില്ല. ഇക്കാരണത്താൽ തന്നെ കേസിലെ പ്രതി കസ്റ്റഡിയിലുള്ള സുബൈർ ദെരക്ഷാൻദേയുടെ കുറ്റസമ്മത മൊഴി ഏറെ പ്രധാനപ്പെട്ടതാണ്.
അറസ്റ്റിലായ സുബൈറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി ഇയാളെ കസ്റ്റഡിയിൽ കിട്ടുന്നതിനുള്ള അപേക്ഷ എൻസിബി ഇന്നലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും.
















Comments