80 കളിൽ മലയാള, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിൽ താരറാണിയായിരുന്ന നടിയായിരുന്നു റാണി പത്മിനി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഒരേപോലെ അവർ ശ്രദ്ധനേടി. റാണി പത്മിനി എന്ന നടിയുടെ വളർച്ചയും തളർച്ചയും സിനിമയെ വെല്ലുന്ന കാഴ്ചവട്ടമാണ്. കത്തിക്കാളുന്ന സൗന്ദര്യവും മികച്ച അഭിനയശേഷിയും കൊണ്ട് കുറഞ്ഞ കാലയളവില്‍ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹരമായി മാറിയ അഭിനേത്രിയായിരുന്നു റാണി പത്മിനി. നിരവധി ചിത്രങ്ങൾ ചെയ്തു. എന്നാൽ അത് അധികനാൾ ഉണ്ടായില്ല.
മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി പത്മിനിയുടേയും അവരുടെ അമ്മയുടേയും ക്രൂരമായ കൊലപാതകം. 1986 ഒക്ടോബറ്‍ 15 നാണ് റാണി കൊല്ലപ്പെടുന്നത്. രാവിലെ റാണി പത്മിനിയുടെ ഡ്രൈവർ ജെബരാജ്, കാവൽക്കാരൻ ലക്ഷ്മി നരസിംഹൻ എന്ന കുട്ടി, പാചകക്കാരൻ ഗണേശൻ എന്നിവർ ചേർന്ന് അമ്മ ഇന്ദിരകുമാരിയെ ആക്രമിച്ച് കൊലപ്പെടുത്തി. അമ്മയുടെ നിലവിളി കേട്ട റാണി പത്മിനി അന്വേഷണത്തിന് വന്നെങ്കിലും പുരുഷന്മാർ അവരെയും കീഴടക്കി കൊലപ്പെടുത്തി. റാണിയുടെ അക്കൗണ്ടിലെ 15ലക്ഷം രൂപയ്‌ക്ക് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയെതെന്നായിരുന്നു പ്രതികളുടെ മൊഴി.

എന്നാൽ ഉന്നത രാഷ്‌ട്രീയ സ്വാധീനമാണ് റാണിയുടെ കൊലപാതകത്തിന് പിന്നിലെന്ന് അവരുടെ പല ആരാധകരും വിശ്വസിച്ചു. പോലീസിന്റെ ഇടപെടലാണ് സഹായികളുടെ മേല്‍ മാത്രം കുറ്റം ആരോപിക്കാന്‍ ഇടയാക്കിയതെന്നും പിൽക്കാലത്ത് ആരോപണം ഉണ്ടായി. മൂന്നുപേരെയും അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റാണി പത്മിനിയുടെ കൊലപാതകം തമിഴ്‌നാട്ടിലും കേരളത്തിലും കോളിളക്കം സൃഷ്ടിച്ചിരുന്നു. റാണി പത്മിനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ഉന്നത വ്യക്തിയെ സംരക്ഷിക്കാനാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം.
ജോൺപോളിന്റെ തിരക്കഥയിൽ എ രഘുനാഥ് നിർമ്മിച്ചു മോഹൻ സംവിധാനം ചെയ്ത ‘കഥയറിയാതെ’യാണ് റാണി പത്മിനിയുടെ ആദ്യ ചിത്രം. പറങ്കിമല, ശരം, കിളിക്കൊഞ്ചല്‍, സംഘര്‍ഷം, തേനും വയമ്പും, നസീമ തുടങ്ങിയ ചിത്രങ്ങളാണ് റാണിയെ മലയാളികളുടെ പ്രിയനടിയാക്കി മാറ്റിയത്.
















Comments