കോഴിക്കോട്: യുവദമ്പതികളെ നഗരമധ്യത്തിൽ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. ഇയാളെ പരാതിക്കാരൻ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം.
രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ച് പേർ ദമ്പതികളോട് മോശമായി പെരുമാറുകയും ഇത് ചോദ്യം ചെയ്ത ഭർത്താവ് അശ്വിനെ സംഘത്തിലൊരാൾ മർദ്ദിക്കുകയുമായിരുന്നു. സംഭവസമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നതിനാൽ തനിക്ക് വീഡിയോ ചിത്രീകരിക്കാൻ കഴിഞ്ഞില്ലെന്നും യുവാവ് പോലീസിനെ അറിയിച്ചു. ഒപ്പം ബൈക്കിന്റെ നമ്പറും പരാതിക്കാരൻ കൈമാറിയിരുന്നു. തുടർന്നാണ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരിൽ അശ്വിനെ മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. മറ്റുള്ളവർക്കെതിരെ പരാതിയില്ലെന്നും ദമ്പതികൾ വ്യക്തമാക്കി. പ്രതിയെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പോലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാൻ കാലതാമസമുണ്ടായെന്നും ദമ്പതികൾ ആരോപിച്ചു.
Comments