ദമ്പതികളെയും സുഹൃത്തിനെയും കബളിപ്പിച്ച് പണവും പാസ്‌പോർട്ടുമായി ട്രാവൽ ഏജന്റ് മുങ്ങി; അന്വേഷണം ആരംഭിച്ചു

Published by
Janam Web Desk

ന്യൂഡൽഹി: ഗുജറാത്ത് സ്വദേശികളായ ദമ്പതികളെയും ഇവരുടെ സുഹൃത്തിനെയും ട്രാവൽ ഏജന്റ് കബളിപ്പിച്ച് കടന്നുകളഞ്ഞതായി പരാതി. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് മൂവരെയും ട്രാവൽ ഏജന്റ് കബളിപ്പിച്ചതെന്നാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്തോനേഷ്യ വഴി ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാ പാക്കേജ് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ ശേഷം പാസ്‌പോർട്ടുമായി കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഇരകളായ ക്രുണാൽ കുമാറും ഇയാളുടെ ഭാര്യ ശിവാംഗിയും സുഹൃത്ത് പ്രിയങ്ക് സോളങ്കിയും ഗുജറാത്തിൽ നിന്ന് മെയ് 19-നാണ് ഡൽഹിയിലെ വിമാനത്താവളത്തിൽ എത്തുന്നത്. വൈകുന്നേരം ആറ് മണിയോടെ എത്തിയ മൂവർ സംഘം അന്ന് മഹിപാൽപൂരിലെ ഹോട്ടലിൽ താമസിച്ചു. ഇവിടെവെച്ചാണ് ട്രാവൽ ഏജന്റായ രൺധാവ യാത്രയെക്കുറിച്ച് ഇവരോട് വിവരിക്കുന്നത്.

ഇതിന് പിന്നാലെ തൊട്ടടുത്ത ദിവസം ഇവർക്കൊപ്പം വിമാനത്താവളത്തിലെത്തിയ പ്രതി മൂന്ന് പേരുടെയും പാസ്‌പോർട്ടും 15,000 യുഎസ് ഡോളറും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം ഡൽഹി പോലീസ് എഫ്‌ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Share
Leave a Comment