എറണാകുളം: കാലടിയിൽ മദ്യപിച്ച് ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവറും ബസും പോലീസ് കസ്റ്റഡിയിൽ. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ ബസും ഡ്രൈവറെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ ഡ്രൈവർ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏഞ്ചൽ ബസിനെതിരെ മുൻപും നിരവധി പരാതി ഉയർന്നിട്ടുണ്ട്.
ഈ കഴിഞ്ഞ മാർച്ച് പതിനാലിന് സമാനരീതിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് കെഎസ്ആർടി ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർനടപടികളുടെ ഭാഗമായി മൂന്ന് കെഎസ്ആർടിസി ഡ്രൈവർമാരെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് എടിഒയെയും അടക്കം അഞ്ച് പേരെയായിരുന്നു സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവർ സിആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോൺ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർ വി രാജേഷ് കുമാറിനെയുമാണ് മദ്യപിച്ച് ജോലി ചെയ്തുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.
ഫെബ്രുവരി 13-ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവർ സി ആർ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവർ ലിജോ സി ജോൺ എന്നിവർ മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പോലീസ് പരിശോധനയിൽ പിടിയിലായ ഇവരെ ഞാൻ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനിൽ ഇരുത്തി എഴുതിപ്പിച്ചിരുന്നു. ജീവനക്കാർ യൂണിഫോമിൽ ഇരുന്ന് ഇംപോസിഷൻ എഴുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് വളരെ പെട്ടെന്നായിരുന്നു.
Comments