കൊച്ചി : പുറംകടലിൽ 25000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവധിച്ചത്. കേസിൽ എൻസിബി വിശദമായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയായാൽ മാത്രമേ പ്രതിയുടെ പൗരത്വം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുറം കടലിലെ ലഹരി വേട്ടയിൽ പിടിയിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് എൻസിബി കസ്റ്റഡിയിൽ വാങ്ങിയത്. രാസ ലഹരിയുടെ ഉറവിടം, ലഹരിക്കടത്ത് സംഘാംഗങ്ങൾ ലഹരി മരുന്നുമായി സഞ്ചരിച്ച വഴി എന്നിവ കണ്ടെത്തണമന്നും ഇതിനായി പ്രതിയെ വിശദമായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് എൻസിബി കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നത്. ലഹരി വേട്ട നടന്നത് ഇന്ത്യൻ സാമുദ്രാതിർത്തിക്ക് അകത്താണോ പുറത്താണോ എന്ന ചോദ്യത്തിന് മാത്രമേ പ്രസക്തിയുള്ളൂവെന്ന് പ്രാസിക്യൂഷൻ വാദിച്ചു. പൗരത്വം സംബന്ധിച്ച് പ്രതി വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്. ഇയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നുമില്ല. അതൊകൊണ്ടുതന്നെ വിശദമായ ചോദ്യംചെയ്യൽ വേണമെന്നാണ് എൻസിബി വ്യക്തമാക്കിയത്. അഞ്ച് ദിവസത്തേക്കാണ് പ്രതി സുബൈറിനെ കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി കേസിൽ എൻസിബി യോട് വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര സ്വഭാവമുളള കേസായതിനാൽ രേഖകളിൽ വ്യക്തത വേണമെന്നാണ് കോടതി പറഞ്ഞത് .
Comments