മുസ്ലിം ആണെങ്കിൽ എറണാകുളത്ത് വീട് വാടകയ്ക്ക് ലഭിക്കില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ വഴി നടക്കുന്നത്. മുസ്ലിം ആണെങ്കിൽ മറ്റ് മതസ്ഥർ വീട് നിരസിക്കുന്നു എന്ന തരത്തിലുള്ള എഴുത്തുകൾ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് മതസ്ഥരിൽ നിന്നും ഇസ്ലാം മത വിശ്വാസികൾ വിവേചനം നേരിടുന്നു എന്ന് വരുത്തി തീർത്ത് വിശ്വാസികളെയെല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. ഇത്തരം എഴുത്തുകൾക്ക് ഇടത് സൈബർ ഇടങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇസ്ലാമിസ്റ്റുകളുടെ പുതിയ പ്രചാണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
’18 വർഷമായി ഞാൻ ജീവിക്കുന്ന നഗരമാണ് എറണാകുളം. കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം. കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്. ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും. കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്’.
‘കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്. മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ ഇത്രയും ചെയ്യതാൽ മതി. എറണാകുളം മാർക്കറ്റിൽ നിന്നോ, സിപിഎമ്മിന്റെയോ, കോൺഗ്രസ് പാർട്ടിയുടെയോ, ബിജെപിയുടെയോ ജില്ലാ കമ്മറ്റി ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക. നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും. അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ. ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ. എറണാകുളം എത്ര കൊക്കുകളെ കണ്ടതാ’- എന്ന് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments