ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ.
കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെയും ഗോവ ടൂറിസം മന്ത്രി രോഹൻ ഖൗന്റെയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിൽ ഈ ധാരണാപത്രം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു.
‘ടൂറിസത്തിന്റെ വിവിധ മേഖലകളിൽ പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഉത്തരാഖണ്ഡും ഗോവയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഈ അവസരത്തിൽ ഗോവയുടെ ബഹുമാനപ്പെട്ട ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ സന്നിഹിതനായിരുന്നു,’ -ധാമി ട്വീറ്റ് ചെയ്തു.
ഡെറാഡൂണിൽ നിന്നും ഗോവയിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചു, ഇത് രണ്ട് സംസ്ഥാനങ്ങളിലെയും പൗരന്മാർക്ക് പ്രയോജനം ചെയ്യും. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വിപുലീകരണത്തിനായി ഇരുസർക്കാരുകളും പ്രവർത്തിക്കുന്നു’-പുഷ്കർ സിംഗ് ധാമി ട്വിറ്ററിൽ കുറിച്ചു.
Comments