എറണാകുളം: കൊച്ചി ഹാർബർ പാലത്തിൽ സിഐ ഓടിച്ചിരുന്ന കാർ യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ നടപടി. തുടർ നടപടിയുടെ ഭാഗമായി കൊച്ചി കടവന്ത്ര എസ്എച്ച്ഒയെ സ്ഥലം മാറ്റി. കാസർകോട് ചന്തേര സ്‌റ്റേഷനിലേക്കാണ് സിഐ മനോജിനെ സ്ഥലം മാറ്റിയത്. അതേസമയം അപകടം നടന്നതിന് ശേഷം കേസ് എടുക്കാൻ വൈകിയതിൽ തോപ്പുംപടി പോലീസിന് വീഴ്ച സംഭവിച്ചതിൽ അന്വേഷണം തുടരുകയാണ്.
മട്ടാഞ്ചേരി എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ വിമൽ പരാതി നൽകിയിട്ടും നാല് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് കേസെടുത്തത്. ഇത് കടവന്ത്ര സിഐയെ സംരക്ഷിക്കുന്നതിനായിരുന്നുവെന്നാണ് തോപ്പുംപടി പോലീസിനെതിരായി ഉയരുന്ന ആരോപണം.
കഴിഞ്ഞ വ്യാഴായ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഹാർബർ പാലത്തിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശി വിമലിനെ സിഐ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോയ കാർ രണ്ട് കിലോമീറ്ററുകൾക്കപ്പുറം നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.സിഐയും വനിതാ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ ബൈക്ക് യാത്രികനായ വിമലിന് കൈക്കും വയറിനും സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നൽകിയ പരാതിയിൽ കേസെടുക്കാതെ കേസെടുക്കാതെ വന്നതോടെ് സംഭവം വിവാദമാകുകയായിരുന്നു. പിന്നാലെയാണ് തോപ്പുംപടി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിഐയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
















Comments