എറണാകുളം: തുരുവനന്തപുരം മുതൽ കാസർകോടുവരെ അഞ്ചര മണിക്കൂർ കൊണ്ട് ട്രെയിൻ യാത്ര സാധ്യമാക്കുമെന്ന അറിയിപ്പിന് പിന്നാലെ നടപടികൾക്ക് തുടക്കമിട്ട് റെയിൽവേ. എറണാകുളം മുതൽ ഷൊർണൂർ വരെയും ഷൊർണൂർ മുതൽ കോയമ്പത്തൂർ വരെയും സമാന്തര ട്രാക്കുകൾ നിർമ്മിക്കും. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ആധുനിക ട്രെയിനുകൾക്കൊപ്പം പുതിയ ട്രാക്കുകൾ കൂടി വരുന്നതോടെ കേരളത്തിലെ റെയിൽവേയുടെ മുഖം മാറും. നിലവിൽ കേരളത്തിൽ അതിവേഗ ട്രാക്ക് എന്ന് പറയാവുന്നത് എറണാകുളം – ഷൊർണൂർ പാതയാണ്. 80 കിലോമീറ്ററിൽ താഴെ മാത്രമാണ് ഈ പാതയുടെ വേഗത.
കേരളത്തിൽ ട്രാക്ക് നവീകരണം വലിയ വെല്ലുവിളികളിൽ ഒന്നാണ്. നിലവിലെ സ്‌ട്രെച്ചിൽ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയർത്താൻ വലിയ വളവുകളെല്ലം ഒഴിവാക്കേണ്ടി വരും. ഈ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് ഓഗസ്റ്റിൽ സമർപ്പിക്കും. നിലവിലുള്ള ട്രാക്കിൽ നിന്നു വിട്ടുമാറി പുതിയ ട്രാക്ക് നിർമിക്കുകയാകും ചെയ്യുക. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകൾ കൂടാതെ ആലുവ, തൃശൂർ, ഷൊർണൂർ സ്റ്റേഷനുകളും പുതിയ പാതയിൽ ഉണ്ടാകും. ഇതിലേയ്‌ക്കായി മൂന്നാം ട്രാക്കിനായി സ്ഥലമെടുക്കുമ്പോൾ നാലാം ട്രാക്കിനു കൂടി സ്ഥലമേറ്റെടുക്കും.
എറണാകുളം – ഷൊർണൂർ പാതയിൽ ആദ്യഘട്ടത്തിൽ ട്രെയിനുകളുടെ പരമാവധി വേഗം 90 കിലോമീറ്ററായി വർധിപ്പിക്കും. പിന്നീട് 130 കിലോമീറ്ററിലേയ്‌ക്കും ഏറ്റവും അവസാനഘട്ടത്തിൽ 160 കിലോമീറ്ററായും ഉയർത്തും. കേരളത്തിന് അനുവദിക്കുന്ന ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ അടക്കമുള്ള ട്രെയിനുകൾ പുതിയ പാതയിലൂടെയായിരിക്കും കടന്നു പോവുക. എന്നാൽ പാസഞ്ചർ ട്രെയിനുകൾ അടക്കമുള്ള ഹ്രസ്വദൂര സർവീസുകൾക്ക് നിലവിലെ പാത തന്നെയായിരിക്കും ഉപയോഗിക്കുക.
Comments