ഗുവാഹത്തി: സംസ്ഥാനത്തെ 45,000 ഉദ്യോഗാർത്ഥികൾക്ക് നിയമനക്കത്തുകൾ വിതരണം ചെയ്ത് അസം സർക്കാർ. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിജയകരമായി രണ്ട് വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയിലാണ് നിയമനക്കത്ത് വിതരണം. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കത്തുകൾ സമ്മാനിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും വിഭാഗങ്ങൾക്കും കീഴിലാണ് നിയമനം. ഗുവാഹത്തിയിലെ ഖാനപാറയിലെ വെറ്ററിനറി കോളേജ് മൈതാനത്ത് വച്ചായിരുന്നു ആഘോഷപരിപാടി നടന്നത്.
ഉദ്യോഗാർത്ഥികൾക്ക് മാത്രമല്ല, തനിക്കും ഒരു ഇതൊരു സുപ്രധാന അവസരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം തൊഴിലന്വേഷകർക്ക് സർക്കാർ ജോലി നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനം നടപ്പാക്കുമ്പോൾ അത് നിറവേറ്റാനുള്ള സാധ്യതയെക്കുറിച്ച് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തിൽ അസമിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് അത് നിറവേറ്റാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശർമ്മ പറഞ്ഞു.
കൊറോണ പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ സർക്കാർ ആ ലക്ഷ്യത്തിലെത്തുമായിരുന്നു. എന്നാലിനി ഒഴിവുള്ള തസ്തികകൾ നികത്തുന്നതിനുള്ള പരസ്യം നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഒരു ലക്ഷം കടക്കാൻ ആവശ്യമായ ബാക്കിയുള്ള റിക്രൂട്ട്മെന്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വജനപക്ഷപാതവും റിക്രൂട്ട്മെന്റിലെ അഴിമതിയും ഭൂതകാലമാണെന്ന് വിശേഷിപ്പിക്കുമ്പോൾ നിലവിലെ ഭരണത്തിന് കീഴിലുള്ള റിക്രൂട്ട്മെന്റുകൾ സ്വതന്ത്രവും സുതാര്യവുമായ രീതിയിലാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമന കത്തുകൾ ലഭിച്ചവരോട് എപ്പോഴും അർപ്പണബോധത്തോടെ പ്രവർത്തിക്കാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതുവഴി അടുത്ത രണ്ട് മൂന്ന് പതിറ്റാണ്ടിനുള്ളിൽ എല്ലാ മേഖലകളിലും ഏറ്റവും പുരോഗമനപരമായ സംസ്ഥാനങ്ങളിലൊന്നായി അസമിനെ മാറ്റാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ രാഷ്ട്രത്തിന്റെ പദവി ലോകനേതാവായി ഉയർത്തിക്കാട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ നാം വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. സംരംഭകത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ സംസ്ഥാനത്തെ യുവാക്കളോട് തയ്യാറാകണം, സർക്കാർ ജോലികളെ മാത്രം ആശ്രയിക്കുന്നത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ തടസ്സമുണ്ടാക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Comments