പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണം പിടികൂടിയത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഹാഷിം ആണ് പിടിയിലായത്. പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ നിന്നാണ് പ്രതിയെ ആർപിഎഫ് അറസ്റ്റ് ചെയ്തത്.
വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ഉദ്യോഗസ്ഥർ പണം കണ്ടെത്തിയത്. യാതൊരു രേഖകളുമില്ലാത്ത 17 ലക്ഷം രൂപയാണ് ആർപിഎഫ് സംഘം പിടിച്ചെടുത്തത്. സേലത്ത് നിന്ന് അങ്കമാലിയിലേക്കാണ് ഹാഷിം ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ ട്രെയിൻ പാലക്കാട് എത്തിയപ്പോൾ സംശയം തോന്നിയ ആർപിഎഫ് ഉദ്യോഗസ്ഥർ ഹാഷീമിനെ പരിശോധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തുകയായിരുന്നു.
അരയിൽ തുണി കൊണ്ട് പൊതിഞ്ഞ രീതിയിലാണ് പണം സൂക്ഷിച്ചിരുന്നത്. പണം കൈവശം വെയ്ക്കാനുള്ള യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. തുടർ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments