ഇൻഡോർ: ഹിന്ദു യുവാവിനൊപ്പം മുസ്ലീം യുവതി യാത്ര ചെയ്തതിന് ചോദ്യം ചെയ്ത് ഇസ്ലാമിസ്റ്റുകൾ. യുവതിയെയും യുവാവിനെയും തടഞ്ഞുനിർത്തുകയും 25ഓളം പേരടങ്ങുന്ന ആൾക്കൂട്ടം ചേർന്ന് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
20-30 ആളുകൾ ചേർന്നായിരുന്നു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും കയ്യേറ്റം ചെയ്തത്. പട്ടേൽ ബ്രിഡ്ജിന് സമീപമുള്ള മദനി ദർബാർ ഹോട്ടലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു രണ്ട് പേരും. മെയ് 25ന് രാത്രിയായിരുന്നു സംഭവം. ഭാവേഷ് എന്ന യുവാവും നസ്രീൻ എന്ന യുവതിയുമാണ് ഒരുമിച്ച് യാത്ര ചെയ്തിരുന്നത്. ഭാവേഷിന്റെ കൈയ്യിൽ ചരടും നസ്രീൻ ഹിജാബൂം ധരിച്ചിരുന്നു. ഇതുകണ്ടതോടെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ എത്തി ഇരുവരെയും ചോദ്യം ചെയ്തത്.
മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ഇവരെ സംഘം ചേർന്ന് വളഞ്ഞു. ഒരു ഹിന്ദു പയ്യന്റെ ഒപ്പം കറങ്ങി നടക്കുന്നത് എന്തിനാണെന്നായിരുന്നു ജനക്കൂട്ടം യുവതിയോട് ആരാഞ്ഞത്. ഡിന്നർ കഴിച്ച് മടങ്ങി വരികയാണെന്നും തന്റെ മാതാപിതാക്കളെ അറിയിച്ചാണ് യാത്ര ചെയ്യുന്നതെന്നും നസ്രീൻ യുവാക്കളോട് മറുപടി പറഞ്ഞു. എന്നാൽ ഇതുകേട്ട യുവാക്കൾ വീണ്ടും കയർത്തു. മുസ്ലീമല്ലാത്ത യുവാവിനൊപ്പം നടന്ന് ഇസ്ലാമിനെ ഇകഴ്‌ത്തുകയാണ് ചെയ്യുന്നതെന്ന് ജനക്കൂട്ടം നസ്രീനോട് ആക്രോശിച്ചു.
എന്തുകൊണ്ട് ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിച്ചില്ലെന്നും ചിലർ വിചാരണ ചെയ്തു. ” ഇസ്ലാം മതവിശ്വാസിയല്ലാത്ത സുഹൃത്തിനൊപ്പം പുറത്തുപോകാം, പക്ഷെ ഓൺലൈനായി ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കാൻ നിനക്ക് പറ്റില്ല അല്ലേ, ഹിജാബിന്റെയും ഇസ്ലാമിന്റെയും നിയമം എന്താണെന്ന് നിനക്കറിയില്ലേ? ” ഇതായിരുന്നു ജനക്കൂട്ടം യുവതിയോട് ചോദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്ലാമിനെ തരംതാഴ്‌ത്തുന്നത് ശരിയല്ലെന്നും മതത്തെ ഇകഴ്‌ത്താൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞ യുവാക്കൾ യുവതിയോട് ബൈക്കിൽ നിന്നും ഇറങ്ങി ഓട്ടോറിക്ഷ വിളിച്ച് വീട്ടിൽ പോകാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതിയെയും യുവാവിനെയും ജനക്കൂട്ടത്തിൽ നിന്നും രക്ഷിക്കാൻ ചിലർ എത്തുകയായിരുന്നു. രണ്ട് പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ഇവരെ ജനക്കൂട്ടത്തിൽ നിന്നും ഒരാൾ എത്തി കത്തിക്കൊണ്ട് ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഷുഹൈബ്, ഷവേസ് ലാല, മുസാമിൻ, ആമിൻ ലാല, സൈഫ്, അർബാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതക ശ്രമത്തിന് ഉൾപ്പെടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Comments