ഇംഫാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലേക്ക്. സംഘർഷാവസ്ഥ തുടരുന്ന മണിപ്പൂരിൽ 3 ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. അക്രമമുണ്ടായ എല്ലാ മേഖലകളും സന്ദർശിച്ചേക്കും. മണിപ്പൂർ ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും അമിത് ഷാ ചർച്ചകൾ നടത്തും. സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അദ്ദേഹം നടത്തും.
‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ഈ സമീപകാലത്തെ സംഘർഷം സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുക മാത്രമാണ് ചെയ്തത്. കഴിഞ്ഞ ഒമ്പത് വർഷമായി ഉപരോധമോ ബന്ദുകളോ ഇല്ലാതെ ശാന്തിയും സമാധാനവും ഇവിടെ നിലനിന്നിരുന്നു.
എല്ലാ പ്രശ്നങ്ങളും സമാധാനപരമായ രീതിയിൽ പരിഹരിക്കുമെന്നും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിക്കുകയും എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്നും സമാധാനം നിലനിർത്താൻ മണിപ്പൂരിലെ ജനങ്ങളോട് ഷാ അഭ്യർത്ഥിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുമെന്നും’ നിത്യാനന്ദ് റായ് വ്യക്തമാക്കി.
അതേസമയം കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ചില ഗോത്രവർഗ്ഗ സംഘങ്ങൾ അത്യാധുനിക ആയുധങ്ങളുമായി മണിപ്പൂരിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്.
കഴിഞ്ഞദിവസം രാത്രി ഇംഫാലിൽ ഉണ്ടായ അക്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പല പ്രദേശങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘർഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കു, ഇതുവരെ 40 തീവ്രവാദികളെ വകവരുത്തിയെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞത്.
Comments