ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂർ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം രാത്രി ഇംഫാലിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഉൾപ്പടെ ചേർന്ന് സ്വീകരിച്ചു. മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെയുമായും കൂടിക്കാഴ്ച നടത്തി. തുടർന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള തുടർനടപടികൾ ആസൂത്രണം ചെയ്തു.
ഇനി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ അക്രമ ബാധിതമേഖലകൾ അടക്കം കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദർശിക്കും. സമാധാന ശ്രമങ്ങൾക്കായി സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി അമിത് ഷാ സംസാരിക്കും. എല്ലാ പ്രശ്നങ്ങളും സമാധാനപരമായ രീതിയിൽ പരിഹരിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാനും ശ്രമിക്കും.
ത്രിദിന സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിൽ എത്തിയത്. മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താനും അവിടെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനുള്ള തുടർനടപടികൾ ആസൂത്രണം ചെയ്യാനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്. ജൂൺ 1 വരെ മണിപ്പൂരിൽ ഉണ്ടാകുന്ന സമയത്ത് ആഭ്യന്തരമന്ത്രി നിരവധി റൗണ്ട് സുരക്ഷാ യോഗങ്ങൾ നടത്തും.
Comments