ഹരിദ്വാർ: ഗംഗാ ദസറ ദിനത്തിൽ തീർത്ഥഘട്ടങ്ങളിൽ സ്നാനം ചെയ്ത് പുണ്യം നേടാൻ എത്തിയത് പതിനായിരക്കണക്കിനാളുകൾ. പ്രയാഗ്രാജ് മുതൽ ഹരിദ്വാർ വരെയുള്ള സ്നാനഘട്ടങ്ങളിലാണ് ഗംഗാ ആരതി ചെയ്തും നദിയിൽ മുങ്ങിയും ഭക്തർ ദസറ ആഘോഷിച്ചത്.
ഉത്തർപ്രദേശിലെ ത്രിവേണീസംഗമ സ്ഥാനമായ പ്രയാഗ്രാജിൽ ഗംഗാ ദസറ ആഘോഷിക്കാനെത്തിയത് ആയിരക്കണക്കിന് ജനങ്ങളാണ്. കഴിഞ്ഞദിവസം പുലർച്ചെ മുതൽ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ജ്യേഷ്ഠശുക്ല പക്ഷത്തിലെ ദശമി തീയതിയിലാണ് ഗംഗാ ദസറ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഗംഗാ നദി ഭൂമിയിലേക്ക് എത്തിയതെന്നാണ് വിശ്വാസം. ഈ ദിവസം ഗംഗാസ്‌നാനം, ഗംഗാജലം ഉപയോഗിക്കൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതൊക്കെ പുണ്യമായി കരുതുന്നു.
ഈ ദിവസം ഗംഗയെ ആരാധിക്കുന്നത് പാപങ്ങളിൽ നിന്ന് മോചനം നൽകുന്നു. ഈ ദിവസം ഒരു വ്യക്തിക്ക് മോക്ഷത്തിന്റെ നേട്ടം ലഭിക്കും. ഗംഗാദസറ നാളിലാണ് ഗംഗാദേവി ആദ്യമായി ഭൂമിയിൽ അവതരിച്ചത്. ഭഗീരഥ തപസ്സിനാൽ ഗംഗാനദി ജ്യേഷ്ഠശുക്ല പക്ഷ തിഥിയിൽ ഭൂമിയിൽ അവതരിച്ചതായി വിശ്വസിക്കുന്ന ദിവസമാണ് ഗംഗാദസറ എന്ന നിലയിൽ ആഘോഷിക്കുന്നത്.
ഭഗീരഥന്റെ അതിശയകരമായ തപസ്സിന്റെ ഫലമായിട്ടാണ് ആകാശഗംഗ ഭൂമിയിലേക്ക് പതിച്ചത്. ഒട്ടേറേ തടസ്സങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങിയ ഗംഗയിലെ മുഴുവൻ ജലവും ജഹ്നു ഹർഷി കുടിച്ചുവറ്റിച്ചു. ഭഗീരഥൻ വീണ്ടും തപസ്സ് ചെയ്യുകയും, ദേവന്മാരുടെ അഭ്യർത്ഥനയും പ്രകാരം ജഹ്നു മഹർഷി ഗംഗയെ മോചിപ്പിച്ചു. ഗംഗാ വീണ്ടും ഭൂമിയിൽ ഒഴുകി തുടങ്ങി. വൈശാഖ മാസത്തിലെ സപ്തമി നാളിലായിരുന്നു അത്. അതിനാൽ ഈ ദിവസം ഗംഗാ സപ്തമിയായി ആചരിക്കുന്നു.
Comments