ഇംഫാൽ: അക്രമം ഏറ്റവും നാശം വിതച്ച മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷം ഭീതി പരത്തിയ മണിപ്പൂരിലെ മറ്റുപ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. 4 ദിവസം പൂർണ്ണമായി മണിപ്പൂരിൽ ചെലവിട്ടുകൊണ്ട് അവിടെ സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ദൗത്യം.
സംഘർഷത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. സംഘർഷത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിലെ ഒരു അംഗത്തിന് ജോലിയും നൽകും. നഷ്ടപരിഹാരത്തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമിത് ഷാ ചർച്ചകൾ നടത്തി. കൂടാതെ സംസ്ഥാനത്തെ എംഎൽഎ മാരുമായും രാഷ്ട്രീയ സാമൂഹ്യ നേതാക്കളുമായും അമിത് ഷാ ചർച്ചകൾ നടത്തി. അക്രമത്തിനിരകളായവർക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥരോട് അമിത് ഷാ ആഹ്വാനം ചെയ്തു.
മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള സർക്കാർ നടപടികളെ തടസ്സപ്പെടുത്തുന്നത് ഊഹാപോഹങ്ങളുടെ പ്രചരണങ്ങളും കിംവദന്തികളുമാണെന്നും അവ നിയന്ത്രിക്കാൻ പ്രത്യേക ടെലിഫോൺ ലൈനുകൾ സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനിച്ചു. സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിനും പെട്രോൾ, എൽപിജി ഗ്യാസ്, അരി, മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയവ വൻതോതിൽ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും അമിത് ഷാ നിർദ്ദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ കുമാർ ദേക എന്നിവരും സന്ദർശനവേളയിൽ അമിത് ഷായ്ക്കൊപ്പമുണ്ട്
Comments