ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

Published by
Janam Web Desk

ലോക പുകയില വിരുദ്ധ ദിനത്തിൽ ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുകയില ഉപയോഗം നിയന്ത്രിച്ച് ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

തിയേറ്ററുകളിലും ടിവി പരിപാടികളിലും മറ്റും കാണുന്ന തരത്തിലുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകളും നിരാകരണങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കണം. പരിപാടിയ്‌ക്കിടെ പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകണം. പ്രായപൂർത്തിയാകാത്തവരാണ് അധികവും ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പും നിരാകരണവും ആവശ്യമുള്ളതെന്നും മന്ത്രാലയം പറയുന്നു.

സിനിമകൾ, ദൃശ്യ-ശ്രാവ്യ പ്രോഗ്രാമുകൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, സീരിയലുകൾ, സീരീസ്, പോഡ്കാസ്റ്റുകൾ എന്നിവയും അത്തരത്തിലുള്ള മറ്റ് ഉള്ളടക്കങ്ങളും ഒടിടിയിൽ ഉൾപ്പെടുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. നിയമം ലംഘിച്ചാൽ ആരോഗ്യ, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയങ്ങൾ ന്യായമായ അവസരം നൽകിക്കൊണ്ട് ഒരു നോട്ടീസ് പുറപ്പെടുവിക്കും. കാരണങ്ങൾ വിശദീകരിക്കാനും ഉള്ളടക്കത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താനും അവസരം നൽകും.

പുകയില ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായി പുകയിലയുടെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ പരസ്യങ്ങൾക്കും കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളുടെയും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉൽപ്പാദനം, വിതരണം, വിതരണത്തിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഒടിടിയിലെ നിയന്ത്രണം നടപ്പിലാക്കുന്നതിലൂടെ പുകയില നിയന്ത്രണത്തിൽ ഇന്ത്യ ആഗോള തലത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Share
Leave a Comment