ഇംഫാൽ: നാല് ദിവസത്തെ മണിപ്പൂർ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യൽ അന്വേഷണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗവർണർ അനസൂയ ഉനെയ്കയുടെ നേത്യത്വത്തിലുള്ള സമാധാന സമിതി മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനും മുൻകൈ എടുക്കും.
‘സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ ആവശ്യമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു. മണിപ്പൂരിലെ സുരക്ഷാ സേനകളുടെ ആയുധങ്ങൾ മോഷ്ടിച്ചവർ ഉടൻതന്നെ അവ അധികൃതരെ തിരിച്ചേൽപ്പിക്കണം, അല്ലാത്തപക്ഷം കർശന നടപടി നേരിടേണ്ടിവരും. മണിപ്പൂരിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തും. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകളും സിബിഐയ്ക്ക് കൈമാറും.’- അമിത്ഷാ വ്യക്തമാക്കി.
മണിപ്പുർ സന്ദർശനത്തിനിടെ 11 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചകൾ നടത്തിയത്. കൂടാതെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനകളുമായും സുരക്ഷാ സേനാംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തി. സംഘർഷം നടന്ന ചുരാചന്ദ്പൂർ ഉൾപ്പടെ വിവിധ പ്രദേശങ്ങളും ആഭ്യന്തരമന്ത്രി സന്ദർശിച്ചു. സംഘർഷത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്നും ഒരു അംഗത്തിന് ജോലിയും നൽകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.
Comments