കണ്ണൂർ : കണ്ണൂർ തീവണ്ടി തീവെപ്പു കേസിൽ ഇടപ്പെടലുമായി എൻ.ഐ.എ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കത്തിയ കോച്ച് പരിശോധിച്ചു. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസിന്റെ കസ്റ്റഡിയിലാണ്. സ്റ്റേഷൻ പരിസരത്ത് തീയിട്ടതിന് ഇയാൾ മുമ്പും പിടിയിലായിട്ടുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിക്കാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് യാത്ര അവസാനിപ്പിച്ചത്. 11.45 ഓടെ എട്ടാം ട്രാക്കിൽ ട്രെയിൻ നിർത്തിയിട്ടു. തീവണ്ടിയുടെ ഏറ്റവും പുറകിലെ കോച്ചിൽ കയറിയ അക്രമി പുലർച്ചെ 1. 27നാണ് തീയിടുന്നത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. ഇതിന് പിന്നാലെയാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നത്.
റെയിൽവേയുടെയും പോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു. ഫോറൻസിക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ട്രെയിനിലെ വാഷ്ബേസിനടുത്തുള്ള കണ്ണാടി പൊട്ടിയ നിലയിൽ ആണ്. അടുത്ത് വലിയൊരു കല്ലുമുണ്ട്. ഫോറൻസിക് പരിശോധനയിൽ ഇന്ധനത്തിന്റെ സാമീപ്യം കണ്ടെത്താനായില്ല.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒടുവിൽ പ്രതിയിലേക്ക് എത്തുന്നത്. BBCL സുരക്ഷാ ജീവനക്കാരന്റെ മൊഴിയും നിർണ്ണായകമായി. ഇയാൾ സ്റ്റേഷൻ പരിസരത്ത് മുമ്പും തീയ്യിട്ട കേസിൽ പ്രതിയാണ്. അതേസമയം എൻ ഐ എ ഉദ്യോഗസ്ഥൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി പരിശോധന നടത്തി. കണ്ണൂർ തീവെയ്പ്പ് ഉടൻ എൻ ഐ എ ഏറ്റെടുക്കില്ല. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് പരിശോധന നടത്തിയത്. അന്വേഷണ റിപ്പോർട്ട് എൻ ഐ എ എസ് പിക്ക് കൈമാറും. എലത്തൂരിലെ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ കണ്ണൂരിലെ തീപിടിത്തത്തിലും വിശദമായ അന്വേഷണം വേണമെന്നുതന്നെയാണ് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്.
Comments