ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ ദസ്സാൽ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രജൗരിയിലെ ദസ്സാൽ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും പ്രദേശത്ത് തിരച്ചിൽ നടക്കുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം ബാരാമുള്ളയിൽ നിരോധിത സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഭീകരർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫ്രെസ്റ്റിഹാർ ക്രീരി ഗ്രാമത്തിൽ വച്ച് സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സുഹൈൽ ഗുൽസാർ, വസീം അഹമ്മദ് പാട എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ഇവർക്കെതിരെ ക്രീരി പോലീസ് സ്റ്റേഷനിൽ യുഎപിഎ ആക്ട്, ആയുധ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫ്രെസ്റ്റിഹാർ ക്രീരി ഗ്രാമത്തിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള
പ്രത്യേക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന ഫ്രെസ്റ്റിഹാർ വാരിപോറ ക്രോസിംഗിൽ ഒരു മൊബൈൽ വെഹിക്കിൾ ചെക്ക്പോയിന്റ് (എംവിസിപി) സ്ഥാപിച്ചതായി പോലീസ് വ്യക്തമാക്കി.
Comments