ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിൽ ആർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകും.
പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ഷാലിമർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് എതിർദിശയിൽ നിന്നും വരികയായിരുന്ന യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് ട്രെയിൻ, പാളത്തിൽ മറിഞ്ഞുകിടക്കുകയായിരുന്ന കോറമണ്ഡൽ എക്സ്പ്രസുമായി ഇടിക്കുകയും ചെയ്തു. കോറമണ്ഡൽ എക്സ്പ്രസിന്റെ 15 കോച്ചുകളാണ് പാളം തെറ്റിയത്. സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ രണ്ട് ബോഗികളും പാളം തെറ്റി.
രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ചരക്ക് തീവണ്ടിയും അപകടത്തിൽപ്പെട്ട സംഭവത്തിൽ മൂന്നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. അമ്പതോളം പേർക്ക് ജീവഹാനി സംഭവിച്ചതായും സൂചനയുണ്ട്.
Comments