ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒഡീഷയിൽ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അപകടത്തെ കുറിച്ച് വിശദമായ ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.
ഉന്നത തല അന്വേഷണത്തിന് പുറമേ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിന് ശേഷമായിരിക്കും പുനസ്ഥാപിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതൊരു വലിയ അപകടമാണ്. റെയിൽവേ ഉദ്യോഗസ്ഥരും എൻഡിആർഎഫും, എസ്ഡിആർഎഫും സംസ്ഥാന സർക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. സാദ്ധ്യമായ എല്ലാ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഒരുക്കുമെന്നും അശ്വനി വൈഷ്ണവ് ഉറപ്പു നൽകി.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയായി ഒഡീഷ മാറിയത്. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസിന്റെ 10-12 കോച്ചുകൾ ബാലേശ്വരിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. മിനുറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ ഇതിലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ച് വീണു. അപകടത്തിൽ മരണസംഖ്യ 233 ആയി. യാത്രക്കാരിൽ 900-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Comments