ഭുവനേശ്വർ: ട്രെയിൽ ദുരന്തം സംഭവിച്ച ഒഡീഷയിലെ ബാലസോർ വഴിയുള്ള റെയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ റെയിൽവെ. പാളത്തിൽ നിന്നും ബോഗികൾ നീക്കം ചെയ്തു. തകർന്ന പാളങ്ങൾ പുനസ്ഥാപിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ ആദിത്യ കുമാർ പറഞ്ഞു. ട്രാക്ക് ബന്ധിപ്പിക്കുന്നതിനുള്ള ജോലി ആരംഭിച്ചതായും കഴിയുന്നതും വേഗം പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാലസോറിൽ യുദ്ധാകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശനിയാഴ്ച റെയിൽവേ മന്ത്രാലയം അറിയിച്ചു. അപകടസ്ഥലത്തെ പുനർനിർമ്മാണ നടപടികൾ ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. രാത്രി ഏറെ വൈകിയും റെയിൽവേമന്ത്രി അശ്വിനി വൈഷണ്വവ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ, രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകൾ, നാല് ക്രെയിനുകൾ എന്നിവയെത്തിച്ചാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യുണിറ്റുകളും സംഭവ സ്ഥലത്തുണ്ട്.
അതേസമയം ഒഡീഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. സിഗ്നലിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.
Comments