ലക്നൗ: വ്യാജരേഖകൾ ചമച്ച് ഇന്ത്യൻ പൗരന്മാരായി ആൾമാറാട്ടം നടത്തിയ നാല് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരാണ് പിടിയിലായത്.
തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുപി പോലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഖാർഖോഡ ജില്ലയിൽ സംശയാസ്പദമായ വ്യക്തികളുടെ സാന്നിധ്യത്തെക്കുറിച്ച് മീററ്റിലെ തീവ്രവാദ വിരുദ്ധ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നതായി സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.
സോജിബ് ഖാൻ, മോണ്ടു ഖാൻ, മജിദുൽ ഖാൻ, മോസെം ഖാൻ എന്നിവരെയാണ് ഖാർഖോഡയിലെ ഹാപൂർ-മീററ്റ് റോഡിൽ നിന്നും പിടികൂടിയെന്നും ഇവരിൽ നിന്ന് നാല് വ്യാജ ആധാർ കാർഡുകളും അഞ്ച് എടിഎമ്മുകളും രണ്ട് പാൻ കാർഡുകളും രണ്ട് ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ഫോറിനേഴ്സ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായവർ ഖാർഖോഡയിലെ ഒരു ഗ്രാമത്തിലെ ഷൂ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Comments