ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ജൂൺ 21-ന് ആരംഭിക്കും. ഇതിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ രാജ്യത്തിന് കരുത്തേക്കുന്ന ബൃഹത്ത് പദ്ധതികൾക്ക് തുടക്കം കുറിച്ചേക്കാം. ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതടക്കമുള്ള കരാറുകളിൽ പ്രധാനമന്ത്രി ഒപ്പു വെച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. യുഎസ് ജനറൽ ഇലക്ട്രിക് (ജിഇ) എഫ്-414 ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാറിൽ ഇരും രാജ്യങ്ങളും ഒപ്പു വെച്ചേക്കും എന്നാണ് അന്തരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ സന്ദർശനത്തിനെത്തിയെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ നടന്ന ഉഭയകക്ഷി പ്രതിരോധ ചർച്ചയിൽ ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിനുകൾ നിർമ്മിക്കുന്നതിനെപ്പറ്റി ഇരു രാജ്യങ്ങളും സംസാരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചൈന, പാകിസ്താൻ അതിർത്തികളിൽ തുടരുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു.
GE-414 എഞ്ചിൻ ശക്തവും ഏറ്റവും വിശ്വസനീയവുമായ എഞ്ചിനാണ്. ഇത് നിലവിൽ F/A-18 സൂപ്പർ ഹോർനെറ്റും EA-18G ഗ്രോളറും ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നു. GE-414 എഞ്ചിൻ വന്നാൽ MK-2 തേജസിന്റെ കരുത്ത് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഹായോ ആസ്ഥാനമായുള്ള ജിഇ കമ്പനിയുടെ ഉപസ്ഥാപനമായ ജിഇ എയ്‌റോസ്‌പേസാകും ഇന്ത്യയിൽ യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കുക. ഈ വർഷം മാർച്ചിൽ യുഎസ് എയർഫോഴ്സ് സെക്രട്ടറി ഫ്രാങ്ക് കെൻഡൽ ഇന്ത്യയുമായി സാങ്കേതിക വിദ്യയുടെ പൂർണ സഹകരണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു.
GE F414 എഞ്ചിന്റെ പ്രാദേശിക നിർമ്മാണത്തിനുള്ള കരാറിൽ ഇന്ത്യയും യുഎസും ഒപ്പിടുകയാണെങ്കിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകും. കരാർ അംഗീകരിച്ചു കഴിഞ്ഞാൽ, എഞ്ചിന്റെ പ്രാദേശിക നിർമ്മാണത്തിന് ഇന്ത്യയിൽ വലിയ പദ്ധതികളുണ്ടാകും. ഇത് രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് ശക്തി പകരും. ഇന്ത്യയുടെ ആവശ്യം നിറവേറ്റിയ ശേഷം എഞ്ചിനുകൾ കയറ്റുമതി ചെയ്യാനും സാധിക്കും. പ്രതിരോധ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ തന്നെ നാഴികക്കല്ലായി മാറും GE-414 എഞ്ചിൻ കരാർ.
Comments