ബെൽഗ്രേഡ്: സിറ്റഡേൽ സീരിസിന്റെ ഇന്ത്യൻ പതിപ്പിനായി സെർബിയയിൽ ഷൂട്ടിങ്ങിനെത്തിയ സമാന്ത റൂത്ത് പ്രഭുവും വരുൺ ധവാനും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. സന്ദർശനത്തിനിടെ രാഷ്‌ട്രപതിക്കൊപ്പം നിന്നുകൊണ്ട് പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് വരുൺ ധവാനാണ് ഇക്കാര്യം അറിയിച്ചത്. സെർബിയയിൽ എത്തിയ രാഷ്‌ട്രപതിയെ കാണാൻ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. വരുൺ ധവാനും സമാന്തയും കൂടാതെ സിറ്റഡേൽ ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളും രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വരുൺ ധവാൻ പങ്കുവച്ച ട്വീറ്റ് കാണാം..
പാട്രിക് മോറനും റൂസ്സോ ബ്രദേഴ്‌സും ചേർന്ന് സൃഷ്ടിച്ച അമേരിക്കൻ വെബ് സീരീസായ സിറ്റഡേലിന്റെ ഇന്ത്യൻ പതിപ്പിൽ അഭിനയിക്കുന്നതിന് വേണ്ടിയാണ് വരുണും സമാന്തയും സെർബിയയിലെത്തിയത്. റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്രയും ചേർന്ന് അവിസ്മരണീയമാക്കിയ രണ്ട് സ്‌പൈ ഏജന്റുമാരുടെ കഥയാണ് സിറ്റഡേൽ. ഇന്ത്യൻ പതിപ്പിൽ വരുൺ ധവാനും സമാന്തയും ഏത് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നത് വ്യക്തമല്ല.
Comments