ഓസ്‌കാർ വേദിയിൽ പോലും ലോക ശ്രദ്ധപിടിച്ചു പറ്റി തിളങ്ങിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ചിത്രത്തിലം നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ന് ലോകമെമ്പാടും വൻ ആരാധകരാണുള്ളത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം പതിപ്പിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി എത്തിയിരിക്കുകയാണ് ട്രാൻസ്ഫോമേഴ്സ് താരവും ഗായകനുമായ ടോബി വീഗ്വേ.
ആർആർആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണെന്നും ടോബി പറയുന്നു. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം പതിപ്പിൽ അഭിനയിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തുന്നതെന്നും ടോബി പറയുന്നു. ജൂനിയർ എൻടിആറിനെ പ്രകടനത്തെയും താരം പുകഴ്‌ത്തി. ജൂനിയർ എൻടിആർ അസാധാരണ പ്രതിഭയാണെന്നും താരം പറഞ്ഞു. ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയിരുന്നെങ്കിൽ തന്റെ വേഷം ചെയ്യാൻ യോജിച്ചത് ജൂനിയർ എൻടിആർ ആണെന്നും ടോബി കൂട്ടിച്ചേർത്തു.
ഹിറ്റ് ചിത്രമായ ആർ.ആർ.ആറിന് തുടർച്ച ഉണ്ടാകുമെന്ന് കഴിഞ്ഞ വർഷമാണ് സംവിധായകൻ രാജമൗലി അറിയിച്ചത്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയിൽ രാജമൗലി ആർആർആറിലൂടെ അവതരിപ്പിച്ചത്. രാമരാജുവായി രാംചരൺ തേജയും കൊമരം ഭീം ആയി ജൂനിയർ എൻടിആറുമാണ് എത്തിയത്. അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
Comments