പാരിസ്: ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ലോംഗ്ജപ് താരം എം. ശ്രീശങ്കർ. പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കിയാണ് ശ്രീശങ്കർ അഭിമാനമായി മാറിയത്. ലോക മുൻ നിര താരങ്ങൾക്കൊപ്പം മത്സരിച്ച് 8.09 മീറ്റർ ചാടിയാണ് സ്ഥാനം ഉറപ്പിച്ചത്. ഒളിംപിക്‌സ് ചാംപ്യനായ ഗ്രീസ് താരം മിൽത്തിയാദിസ് തെന്റഗ്ലൂ 8.13 മീറ്റർ ചാടി ഒന്നാം സ്ഥാനവും ലോക ചാംപ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവായ സ്വിറ്റ്‌സർലൻഡ് താരം സൈമൺ ഇഹാമർ 8.11 മീറ്റർ ചാടി ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
മൂന്നാം ശ്രമത്തിലാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ രണ്ട് ശ്രമങ്ങളിൽ യഥാക്രമം 7.79 മീറ്റർ, 7.94 മീറ്റർ എന്നിങ്ങനെയായിരുന്നു ശ്രീശങ്കർ ചാടിയത്. മൂന്നാം ശ്രമത്തിൽ 8.09 മീറ്റർ ചാടി പട്ടികയിൽ കുതിച്ചെത്തുകയായിരുന്നു. പാരിസ് ഡയമണ്ട് ലീഗിൽ ഇത്തവണ പങ്കെടുത്ത ഏക ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ മൂന്നാമത്തെ ഇന്ത്യൻ താരമാണ് എം. ശ്രീശങ്കർ.
https://twitter.com/ANI/status/1667294996024946688?s=20
കഴിഞ്ഞ വർഷം ബർമിംങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ ശ്രീശങ്കർ സ്വന്തമാക്കിയിരുന്നു. അഞ്ചാം ഊഴത്തിൽ 8.08 മീറ്റർ പിന്നിട്ടാണ് ശ്രീശങ്കർ മെഡൽ പട്ടികയിൽ ഇടംപിടിച്ചത്. ഇതോടെ കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ പുരുഷ ലോങ്ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും ശ്രീശങ്കർ സ്വന്തമാക്കി.
Comments