ബെംഗളൂരു: യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
സഹോദരങ്ങളായ രണ്ട് യുവാക്കളായിരുന്നു ഓട്ടോയിൽ യാത്ര ചെയ്തത്. യാത്രാ നിരക്കിനെ ചൊല്ലി തർക്കം രൂക്ഷമായതിന് പിന്നാലെ യാത്രക്കാർ ഇരുവരെയും ഡ്രൈവർ ആക്രമിക്കുകയായിരുന്നു.
ബെംഗളൂരുവിലെ മജെസ്റ്റിക്കിൽ നിന്ന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലേക്കാണ് യുവാക്കൾ യാത്ര ചെയ്തത്. ലക്ഷ്യസ്ഥലത്ത് എത്തിയതിന് പിന്നാലെ യാത്രാക്കൂലി സംബന്ധിച്ച് തർക്കമായി. പ്രകോപിതനായ ഡ്രൈവർ സഹോദരങ്ങളെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് യാത്രക്കാരിൽ ഒരാൾ മരിച്ചത്. പരിക്കേറ്റയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പല കേസുകളിലും നേരത്തെ പ്രതിയായിട്ടുള്ളയാളാണ് ഡ്രൈവറെന്ന് പോലീസ് അറിയിച്ചു.
Comments