പത്തനംതിട്ട: കോവിഡ് സെന്ററിൽ ഒപ്പം ജോലി ചെയ്ത യുവതിയെ പീഡനത്തിനരയാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നേതാവിനെ മൂന്ന് വർഷത്തിന് ശേഷം ഡൽഹിയിൽ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. സീതത്തോടിലെ കോവിഡ് സെന്റർ വൊളന്റിയറായിരുന്ന പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. ആങ്ങമൂഴിയിൽ മാർത്തോമ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വൊളന്റിയറായിരുന്നു മനു. നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസറ്റീവ് ആപ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം മനുവും യുവതിയും ക്വാറന്റൈനിലായി.
തുടർന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹിതനായ കാര്യം മറച്ചുവെച്ചാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. തുടർന്ന് രണ്ട് പേരും ഒരു മുറിയിലേക്ക് താമസം മാറി. പിന്നീടാണ് മനു വിവാഹിതനാണ് എന്നുള്ള കാര്യം യുവതി അറിഞ്ഞത്. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന മനുവിനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് മനു പിടിയിലായത്.
Comments