മലയാളത്തിലെ മഹാനടൻ സത്യന്റെ ഓർമ്മകൾക്ക് ഇന്നേക്ക് 52 വയസ്. അഭിനയ ജീവിതം വൈകിയാണ് തുടങ്ങിയതെങ്കിലും 18 വർഷത്തോളം നീണ്ടുനിന്ന സത്യന്റെ കലാസപര്യ ഒരു തലമുറയെ മുഴുവൻ ആവേശത്തിലാഴ്‌ത്തി നിൽക്കവെയാണ് വിടവാങ്ങിയത്. ഏത് സന്ദർഭത്തെയും തന്റെ ശരീര ഭാഷ കൊണ്ടും സംഭാഷണ രീതികൊണ്ടും അനായാസമായി കൈകാര്യം ചെയ്തിരുന്ന നടനായിരുന്നു സത്യൻ. സൗമ്യ സ്വഭാവം, നന്മയുടെ നിറകുടം എന്നിങ്ങനെയുള്ള നായകന്മാരിൽ നിന്നും വ്യത്യസ്തമായിരുന്നു സത്യൻ ജീവിച്ചു കാണിച്ച കഥാപാത്രങ്ങളൊക്കെയും. മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളിൽ നിന്നും നാടകത്തിൽ നിന്നും പതിയെ വേർതിരിഞ്ഞ് സ്വന്തമായ നിലനിൽപ്പിലേക്ക് എത്തുന്ന കാലത്താണ് സത്യൻ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
ചെയ്യുന്ന കഥാപാത്രങ്ങളോടൊക്കെയും നൂറ് ശതമാനം നീതി പുലർത്തിയിരുന്ന സത്യൻ ഒരിക്കലും തന്റെ താര പരിവേഷത്തിന് കോട്ടം തട്ടുമോയെന്ന് ചിന്തിച്ചിരുന്നില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നത് താരം ഒരേ കാലത്ത് തന്നെ ഷീലയുടെ കാമുകനായും അച്ഛനായും അഭിനയ മികവ് കാഴ്ചവെച്ചിരുന്നു എന്നതാണ്. വെള്ളിത്തിരയിൽ തിളങ്ങിയതിന് പുറമേ നിരവിധ മേഖലകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപന ജീവിതം, പട്ടാള ജീവിതം എന്നിവയ്‌ക്ക് ശേഷം ആലപ്പുഴയിൽ തിരുവിതാംകൂർ പോലീസ് കുപ്പായമിട്ട സത്യനേശൻ നാടാർ തന്റെ നാൽപതാമത്തെ വയസ്സിൽ ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിച്ചത്. അതിന് ശേഷം ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച സത്യൻ ആത്മസഖി എന്ന രണ്ടാം ചിത്രത്തിലും മികവ് കാഴ്ചവെച്ചു. സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയിച്ചതോടെ പിന്നീടങ്ങോട്ട് തിരക്കേറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
എന്നാൽ അദ്ദേഹത്തിന്റെയും മലയാള സിനിമയുടെയും ചരിത്രം മാറ്റിക്കുറിച്ച ചിത്രം 1954-ൽ പ്രദർശനത്തിനെത്തിയ നീലക്കുയിൽ ആയിരുന്നു. ഓടയിൽ നിന്ന്, യക്ഷി, ദാഹം, സ്നേഹസീമ എന്നിവയിലെ കഥാപാത്രങ്ങൾ സത്യന്റെ അഭിനയ ജീവിതത്തിനു മാറ്റു കൂട്ടിയിരുന്നു. കൂടാതെ ചെമ്മീനിലെ പളനി എന്ന കഥാപാത്രവും മലയാള സിനിമാ ആസ്വാദകർക്ക് ഇന്നും വളരെ പ്രിയപ്പെട്ടതാണ്. 150 ലേറെ ചിത്രങ്ങൾ മലയാളത്തിൽ അഭിനയിച്ച സത്യൻ രണ്ട് തമിഴ് സിനിമകളിലും മികവ് കാഴ്ചവെച്ചിരുന്നു. ആദ്യ മലയാള ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലും മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയതും സത്യനായിരുന്നു.
ഒടുവിൽ 10 വർഷത്തോളം വേട്ടയാടിയ രക്താർബുദത്തിന് അദ്ദേഹം കീഴടങ്ങി. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്ന് സ്വയം വാഹനമോടിച്ചു ആശുപത്രിയിൽ അഡ്മിറ്റായ സത്യൻ പിന്നീടൊരിക്കലും മലയാള സിനിമാ ആസ്വാദകർക്കു മുന്നിൽ എത്തിയില്ല.
















Comments