എഡ്ജ്ബാസ്റ്റൺ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായെങ്കിലും ബാസ്‌ബോൾ ശൈലി മുറുകെ പിടിച്ച് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി 10 പന്തിൽ 12 റൺസ് നേടിയ ഓപ്പണർ ബെൻ ഡക്കെറ്റിനെ ജോഷ് ഹേസൽവുഡ് വിക്കറ്റിന് പിന്നിൽ അലക്സ് ക്യാരിയുടെ കൈകളിൽ എത്തിച്ചു.
ഇന്നിംഗ്സിലെ നാലാം ഓവറിലെ നാലാം പന്തിൽ ടീം സ്‌കോർ 22ൽ നിൽക്കേയാണ് ഡക്കെറ്റിനെ ആതിഥേയർക്ക് നഷ്ടമായത്. എങ്കിലും ഏകദിന ശൈലിയിലാണ് ഇംഗ്ലണ്ട് താരങ്ങൾ ബാറ്റ് വീശുന്നത്. 31 റൺസെടുത്ത ഒലി പോപ്പ് ലിയോണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും അർദ്ധ ശതകവുമായി സാക്ക് ക്രൗളിയും 15 റൺസുമായി ജോ റൂട്ടും ക്രീസിലുണ്ട്.25 ഓവറിൽ 116 റൺസിന് രണ്ടുവിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
എഡ്ജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ നിരയിൽ ഇടംകൈയൻ പേസർ മിച്ചൽ സ്റ്റാർക്കില്ലെന്നത് ശ്രദ്ധേയമായി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ കളിച്ച താരമാണ് സ്റ്റാർക്ക്. സ്റ്റാർക്കിന് പകരം ജോഷ് ഹേസൽവുഡ് പ്ലേയിംഗ് ഇലവനിലെത്തി. നായകൻ പാറ്റ് കമ്മിൻസും സ്‌കോട്ട് ബോളണ്ടുമാണ് ഇലവനിലെ മറ്റ് പേസർമാർ. ഓസീസ് നിരയിൽ ഓപ്പണർ ഡേവിഡ് വാർണറും ടീമിൽ സ്ഥാനം നിലനിർത്തിയതും ശ്രദ്ധേയമാണ്.
















Comments