തിരുവനന്തപുരം: പൊറോട്ട ലഭിക്കാൻ വൈകിയതിനെ തുടർന്ന് തട്ടുകട നടത്തുന്ന സ്ത്രീയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളായവരാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. കിഴിവലം സ്വദേശി അജിത്, പ്രതിഭ ജംഗ്ഷൻ സ്വദേശി അനീഷ്, എസ്എൻ ജംഗ്ഷന് സമീപം താമസിക്കുന്ന വിനോദ് എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. മൂന്ന് പേർ കടയിലെത്തി പൊറോട്ട ആവശ്യപ്പെട്ടു. ഭക്ഷണം നൽകാൻ അൽപ്പം വൈകിയതോടെ പ്രകോപിതരായ പ്രതികൾ ചിക്കൻ പാകം ചെയ്യുന്നതിനായി വെച്ച തിളച്ച എണ്ണയെടുത്ത് കടയുടമ ഓമനയ്‌ക്ക് നേരെ ഒഴിക്കുകയായിരുന്നു. ശേഷം കടയിലെത്തിയ ഓമനയുടെ ബന്ധു ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാളെയും ക്രൂരമായി പ്രതികൾ മർദ്ദിച്ചു. ദീപുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ കടയും നശിപ്പിച്ചതിന് പിന്നാലെ പോലീസ് എത്തുന്നതിന് മുൻപ് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചരിച്ചിരുന്ന ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ തിരുവനന്തപുരം ജില്ലയിൽ മാത്രം പത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
Comments