ഇടുക്കി: ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം. റോഡിൽ നിലയുറപ്പിച്ച കൊമ്പൻ വാഹന യാത്രക്കാരെ വിരട്ടി ഓടിച്ചു. ഒറ്റയാന്റെ പരാക്രമത്തിൽ തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ഒരു മണിക്കൂറോളം ആന റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷംവനത്തിനുള്ളിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം രാത്രിയാണ് ഒറ്റയാൻ മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപം റോഡിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി കൊമ്പൻ നിലയുറപ്പിച്ചു. ഇതിനിടെ ഈ വഴി എത്തിയ വാഹനങ്ങൾക്ക് നേരെയും കൊമ്പൻ തിരിഞ്ഞു. വട്ടവട ഭാഗത്തുനിന്ന് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെ കൊമ്പൻ പാഞ്ഞടുത്തു. വാഹനങ്ങൾ വേഗത്തിൽ പിന്നോട്ടേക്ക് തിരിച്ച് രക്ഷപ്പെട്ടു.തുടർന്ന് ആന എതിർ ദിശയിലേക്ക് തിരിഞ്ഞ് ഓടി. ഏകദേശം ഒരു മണിക്കൂറോളമാണ് കൊമ്പൻ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പരാക്രമത്തിന് ശേഷം ആന കാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ നാല് ദിവസമായി മാട്ടുപ്പെട്ടി ഡാമിന് സമീപം ഒരു കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സംഘത്തിൽ നിന്നുള്ള കൊമ്പനാണ് റോഡിലേക്ക് എത്തിയത്. ആനക്കൂട്ടത്തിൽ നിന്നും കൊമ്പൻ ഇനിയും റോഡിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ റോഡിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments