മലയാള സിനിമയിലെ താരങ്ങൾക്കിടയിലുള്ള സൗഹൃദം ആരാധകർക്കിടയിൽ എന്നും ആഘോഷിക്കപ്പെടാറുളള ഒന്നാണ്. എന്നാൽ ലളിതമായതും ആഴത്തിലുള്ളതുമായ ചില സൗഹൃദങ്ങളും ചില താരങ്ങൾക്കിടയിലുണ്ടാകും. ഇത്തരത്തിൽ ആർക്കുമറിയാത്ത എന്നാൽ വർഷങ്ങളായുള്ള ഒരു സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് കൃഷ്ണകുമാറും അപ്പ ഹാജയും. ഇരുവരെയും പോലെ തന്നെ കുടുംബങ്ങൾ തമ്മിലും ഈ സൗഹൃദം നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ അപ്പ ഹാജയുടെ മകളുടെ വിവാഹത്തിനെത്തിയ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവരെയും ചിത്രത്തിൽ കാണാം. കുടുംബം വധു-വരന്മാരും കുടുംബത്തിനുമൊപ്പം പകർത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ വളരരെയധികം സജീവമായ കൃഷ്ണകുമാർ തന്റെ പ്രിയ സുഹൃത്ത് അപ്പ ഹാജയ്‌ക്കൊപ്പമുള്ള പെരുന്നാൾ ആഘോഷത്തിന്റെ ഓർമ്മകളെക്കുറിച്ച് വിവരിച്ചിരുന്നു. പെരുന്നാൾ നാളുകളിൽ ഹാജയ്‌ക്കൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഷൂട്ടിലാണെങ്കിൽ കൂടി അദ്ദേഹത്തിന്റെ വക സ്‌പെഷ്യൽ ഭക്ഷണം വീട്ടിലെത്തിക്കുമമെന്നും കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിലുണ്ടായിരുന്നു. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന കുറിപ്പായിരുന്നു അത്.
1980 കാലഘട്ടത്തിലാണ് കൃഷ്ണകുമാറും അപ്പ ഹാജയും സുഹൃത്തുക്കളാകുന്നത്. തിരുവനന്തപുരത്ത് കൃഷ്ണകുമാർ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അയൽവാസിയുടെ ബന്ധുവായിരുന്നു അപ്പ ബാജ. 1988-ൽ പുറത്തിറങ്ങിയ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിലൂടെയായിരുന്നു അപ്പ ഹാജ സിനിമയിലേക്ക് ചുവടുവെയ്‌ക്കുന്നത്. ദൂരദർശനിലെ വാർത്താ അവതാരകനായി കരിയർ ആരംഭിച്ച കൃഷ്ണകുമാർ സീരിയലുകളിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കി.
















Comments