മുംബൈ: അമുൽ ഗേളിന്റെ സ്രഷ്ടാവ് സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. അമുലിന്റെ ജനപ്രീതി കൂട്ടാൻ പോൾക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുകളുമുള്ള ‘അമുൽ ഗേൾ’ എന്ന കാർട്ടൂൺ ചിത്രത്തിന് കഴിഞ്ഞിരുന്നു. ഈ ജനപ്രിയ ചിത്രത്തിന്റെ സൃഷ്ടാവായിരുന്നു സിൽവസ്റ്റർ ഡകുൻഹ.
1966-ൽ പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡാകുൻഹയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് അമുൽ ഗേളിനെ രൂപകൽപന ചെയ്തത്. ഇതിന് ശേഷമാണ് അമുലിന്റെ പരസ്യ കാമ്പെയ്‌ൻ ആരംഭിച്ചത്. പരസ്യ വ്യവസായത്തിന് തീരാ നഷ്ടമാണ് സിൽവസ്റ്റർ ഡകുൻഹയുടെ വിയോഗമെന്ന് അമുൽ മാർക്കറ്ററും ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ജയൻ മേത്ത പറഞ്ഞു.
പ്യൂർലി ദി ബെസ്റ്റ് എന്നായിരുന്നു അമുൽ ബട്ടറിന്റെ ആദ്യ ടാഗ്‌ലൈൻ. ഈ ടാഗ്‌ലൈന് പകരം ആകർഷകമായ മറ്റൊന്ന് നൽകണമെന്ന് ഡകുൻഹയ്‌ക്ക് തോന്നുകയായിരുന്നു. അങ്ങനെയാണ്, “Give us this day our daily bread: with Amul butter” എന്ന ടാഗ്ലൈനോടു കൂടി അമുൽ ഗേൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ന്, ഇന്ത്യൻ പരസ്യരംഗത്തെ അവിസ്മരണീയതയുടെയും ഗൃഹാതുരതയുടെയും പ്രതീകമായി അമുൽ ഗേൾ നിലകൊള്ളുന്നു.















