തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമായേക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം മഴ ശക്തമാകാൻ സാഹചര്യമൊരുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും.
ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പുണ്ട്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. സംസ്ഥാനത്ത് കാലവർഷമെത്തിയിട്ടും മഴയുടെ അളവിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. കാലവർഷത്തിൽ ഇതുവരെ 65 ശതമാനം മഴ കുറവാണെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണക്ക്.
Comments