ന്യൂഡൽഹി : നായ്‌ക്കളുടെ ആകൃതിയിലുള്ള റോബോട്ടിക് മ്യൂളുകളുടെ (മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റ്) ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് . അടിയന്തര ആവശ്യം എന്ന നിലയിൽ 100 റോബോട്ടിക് നായ്‌ക്കൾക്കായി സെപ്റ്റംബറിൽ ഓർഡർ നൽകിയതായാണ് റിപ്പോർട്ട്.
ഇത്തരത്തിലുള്ള 25 മ്യൂളുകളുടെ പ്രീ ഡിസ്പാച്ച് പരിശോധന പൂർത്തിയായി. വരുന്ന മ്യൂളുകൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണെങ്കിൽ, കൂടുതൽ മ്യൂളുകളെ സേനയിൽ ഉൾപ്പെടുത്തും . അടിയന്തര സംഭരണത്തിന്റെ നാലാം ഘട്ടത്തിന് കീഴിൽ, എല്ലാ ഓർഡറുകളും ഇന്ത്യൻ കമ്പനികൾക്ക് നൽകുമെന്നാണ് സൂചന . നിലവിൽ ഓർഡർ നൽകിയത് ഡൽഹി ആസ്ഥാനമായുള്ള കമ്പനിയ്‌ക്കാണ് .
ഈ റോബോട്ടിക് നായ്‌ക്കളിൽ തെർമൽ ക്യാമറകളും മറ്റ് സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് നിരീക്ഷണം നടത്താൻ അവരെ പ്രാപ്തരാക്കുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. അവ ചെറിയ ആയുധങ്ങളുമായി സംയോജിപ്പിക്കാനും ആവശ്യമെങ്കിൽ മനുഷ്യജീവനെ അപകടത്തിലാക്കാതെ ശത്രുവുമായി പൊരുതാനും കഴിയും. ഫ്രണ്ട്‌ലൈൻ സൈനികർക്ക് ചെറിയ ആയുധങ്ങൾ കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം.
സൈനികർ ഉപയോഗിക്കുന്ന റിമോട്ട് ഉപകരണമാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. പർവതപ്രദേശങ്ങളിലെ നിരീക്ഷണത്തിനോ അല്ലെങ്കിൽ ചില തീവ്രവാദികൾ ഒളിവിൽ പോയാലോ കണ്ടെത്താനും , പോരാടാനും ഇവയ്‌ക്ക് കഴിയും.
ചൈന ഇതിനകം റോബോട്ടിക് നായ്‌ക്കളെ സൈന്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ്, ചൈനീസ് സൈന്യം തോക്കുകളുള്ള റോബോട്ട് നായയെ സൈന്യത്തിൽ ഉൾപ്പെടുത്തിയത്. യുഎസ് സൈന്യവും പോലീസും ഇതിനകം റോബോട്ട് നായയെ ഉൾപ്പെടുത്തിയിട്ടുണ്ട്.















