ഒരു നിമിഷം ആരെയും നടുക്കുന്ന കാഴ്ചയാണ് ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തിൽ സമീപവാസികൾ കാണുന്നത്. തുറമുഖം നിറയെ രക്തത്തിന്റെ നിറം കണ്ടായിരുന്നു പ്രദേശത്തുള്ളവർ കഴിഞ്ഞ ദിവസം ഉണർന്നത്. പെട്ടെന്നുണ്ടായ വെള്ളത്തിന്റെ നിറം മാറ്റം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. പ്രകൃതിയിലെ വിചിത്ര പ്രതിഭാസമാണോ അല്ലെങ്കിൽ ജലജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കൊണ്ടാണോ ഇത്തരത്തിൽ സംഭവിച്ചതെന്ന പല ചോദ്യങ്ങൾ ഉയർന്നു.
സംഭവം എന്താണെന്ന് മനസിലാകാത്തതിനാൽ തന്നെ വെള്ളത്തിൽ തൊട്ട്നോക്കാൻ പോലും നാഗോ നഗരത്തിലെ ആളുകൾ ഭയപ്പെട്ടു. എന്നാൽ അധികം വൈകാതെ തന്നെ ആശങ്കൾ ഒഴിഞ്ഞു. സംഭവത്തിന് പിന്നിൽ ഒറിയോൺ ബ്രൂവെറിസ് എന്ന ബിയർ ഫാക്ടറിയായിരുന്നു. ഫാക്ടറിയിൽ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ഫുഡ് കളറിംഗ് ഡൈ ആയിരുന്നു ഇത്തരത്തിൽ ഒരു നിറം മാറ്റത്തിന് കാരണം. മഴവെള്ളം ഒഴുകി പോകുന്ന ചാലുകളിലേയ്ക്ക് ഫാക്ടറിയിൽ നിന്നുമുള്ള കളർവെള്ളം ചോരുകയും ഇത് തുറമുഖത്തുള്ള വെള്ളത്തിലേയ്ക്ക് അടിയുകയുമായിരുന്നു.
ഭക്ഷ്യയോഗ്യമായ നിറം ആയതിനാൽ തന്നെ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നവും ഉണ്ടാകില്ലെന്ന് ബിയർ ഫാക്ടറി അധികൃതർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയതിൽ ഖേദമുണ്ടെന്നും ഇതുമൂലം പരിസ്ഥിതി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും കമ്പനി വ്യക്തമാക്കി. വെള്ളത്തിൽ നിറം കലരുന്നതിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഓറിയോൺ ബ്രൂവെറീസിന്റെ പ്രസിഡന്റായ ഹജീമെ മുറാനോ വ്യക്തമാക്കി.
Comments