ബെംഗളൂരു: സാഫ് ഫുട്‌ബോൾ കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ബെംഗളൂരിൽ നടന്ന മത്സരത്തിൽ ലെബനനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യൻ ടീം ഫൈനലിലെത്തിയത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2-ന് എതിരെ 4 ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും തന്നെ നേടിയിരുന്നില്ല. ശേഷം, നൽകിയ അധിക സമയത്തും ഗോളുകൾ നേടാത്തതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.
ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഗുർപ്രീത് സിംഗ് സന്ധുവുമാണ് ഇന്ത്യൻ ടീമിന് വേണ്ടി ആദ്യ രണ്ട് ഗോളുകൾ നേടിയത്. പിന്നാലെ അൻവർ അലി, ഉദന്ദ സിംഗ് എന്നിവർ ഓരോ ഗോളും നേടികൊണ്ട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ കുവൈറ്റുമായി ഏറ്റുമുട്ടും.
ശനിയാഴ്ച നടന്ന സെമിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കുവൈറ്റ് ഫൈനലിൽ പ്രവേശിച്ചത്. നിശ്ചിതസമയത്ത് ഗോൾ രഹിതമായിരുന്ന മത്സരത്തിന്റെ അധികസമയത്ത് അബ്ദുള്ള അൽ ബുലോഷിയാണ് കുവൈറ്റിന് വിജയ ഗോൾ സമ്മാനിച്ചത്. കുവൈറ്റിനെതിരേ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത്.
ദിവസങ്ങൾക്ക് മുമ്പാണ് ഇന്റർ കോണ്ടിനന്റ് കപ്പ് ഫൈനലിൽ ലെബനനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലൂ ടൈഗേഴ്‌സ് വിജയം കുറിച്ചത്. 46 വർഷത്തിനിടെ ലെബനോണിനോട് ജയമറിഞ്ഞിട്ടില്ലെന്ന പരാതിയാണ് ഛേത്രിയും സംഘവും തിരുത്തിക്കുറിച്ചത്.
Comments